🤝 സലാം പറയൽ സംശയങ്ങളും മറുപടികളും 🤝

     










1) സലാം പറയലോ മടക്കലോ പുണ്യം..?


🅰️: സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്. രണ്ടും പുണ്യമുള്ളതാണ്. കൂടുതൽ സലാം പറയുന്നതിലാണുള്ളത്.
  (ഇആനത്ത്: 4/287)


2) സുന്നത്തിനേക്കാൾ പുണ്യം ഫർളിനല്ലേ..?


🅰️: സുന്നത്തിനേക്കാൾ പുണ്യം ഫർളിനു തന്നെയാണ്. അതാണു പൊതുനിയമം. സുന്നത്തിനേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം ഫർളുകൾക്കുണ്ട്. എന്നാൽ ഈ നിയമം സലാം പറയുന്നതിലും മടക്കുന്നതിലുമില്ല. സുന്നത്തിനാണ് ഇവിടെ കൂടുതൽ മഹത്വം.

  (ഫത്ഹുൽ മുഈൻ, ഇആനത്ത്: 4/287) 











3) മറ്റേതെങ്കിലും സുന്നത്തുകൾക്ക് ഫർളിനേക്കാൾ പുണ്യം ഉണ്ടോ..?

🅰️: ഉണ്ട് വേറെ രണ്ടു കാര്യങ്ങൾക്കുണ്ട്. ഒന്ന്, കടം വീട്ടാനുള്ളവൻ ഞെരുക്കത്തിലാണെങ്കിൽ വീട്ടാനുള്ള കഴിവുണ്ടാകുന്നതുവരെ ചോദിച്ച് ബുദ്ധിമുട്ടാക്കാതിരിക്കൽ നിർബന്ധമാണ് എന്നാൽ കടം വീട്ടേണ്ട, ഞാൻ അതു ഒഴിവാക്കിയെന്നു പറയൽ സുന്നത്താണ്. ഈ സുന്നത്തിനാണ് കൂടുതൽ പുണ്യം. രണ്ട്, നിസ്കാരത്തിനു സമയമായശേഷം വുളൂഅ്‌ ചെയ്യൽ നിർബന്ധമാവും സമയത്തിനു മുമ്പ് വുളൂഅ്‌ ചെയ്യൽ സുന്നത്തുമാണ്. ഈ സുന്നത്തിനാണു കൂടുതൽ പുണ്യം 

  (തഫ്സീർ സ്വാവി: 1/117) 


4) ആരോടാണു സലാം ചൊല്ലൽ സുന്നത്തുള്ളത്..?


🅰️: തെമ്മാടി, പുത്തൻവാദി ഒഴികെയുള്ള മുസ്ലിംമിനോട് സലാം സുന്നത്താണ്.

  (ഫത്ഹുൽ മുഈൻ) 


5) ചെറിയ കുട്ടികളോട് പറയൽ സുന്നത്തുണ്ടോ..?


🅰️: വകതിരിവുള്ള കുട്ടികളോട് പറയൽ സുന്നത്തുണ്ട്.

  (ഫത്ഹുൽ മുഈൻ) 


6) ഒരു സംഘത്തിനോട് സലാം പറയുന്നതിന്റെ വിധി..?


🅰️: സുന്നത്തു കിഫായഃ ഒരു വ്യക്തിയോട് സുന്നത്ത് ഐൻ (വ്യക്തിപരമായ സുന്നത്ത്)

  (ഫത്ഹുൽ മുഈൻ)


7) സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമായതെന്തുകൊണ്ട്..?


🅰️: സലാം എന്നത് നിർഭയത്വം അറിയിക്കലും പ്രാർത്ഥനയുമാണ്. ഒരാൾ അതറിയിക്കുമ്പോൾ മറ്റവൻ അതിനു അതേ അർത്ഥത്തിൽ മറുപടി നൽകൽ അനിവാര്യമാകുകയാണ്.

  (ഇആനത്ത്: 3/286) 









(8) സലാം പറയുന്നതിന്റെ പ്രസിദ്ധ പൂർണ പദം എങ്ങനെ..?

🅰️:اَلسَّلَامُ علَيْكُمٌ وَرَحْمَة اللهِ وَبَرَكَاتُهُ وَمَغْفِرَتُه

എന്നാണ് സമ്പൂർണ വാചകം.

  (ഫത്ഹുൽ മുഈൻ) 


9) ഒരു സംഘത്തിനു സലാം പറഞ്ഞാൽ എല്ലാവരും മടക്കൽ നിർബന്ധമുണ്ടോ..?


🅰️: ഇല്ല ആരെങ്കിലും ഒരാൾ മടക്കലേ നിർബന്ധമുള്ളൂ. മടക്കൽ ഫർള് കിഫ (സമൂഹിക ബാധ്യത)യാണ് എന്നാൽ മനക്കിയവനു മാത്രമേ പ്രതിഫലം കിട്ടൂ മൗനം  പാലിച്ചവർക്ക് കിട്ടില്ല.

  (ഇആനത്ത്: 4/286)


10) സംഘത്തിലുള്ള എല്ലാവരും മടക്കിയാലോ..?


🅰️: എല്ലാവർക്കും ഫർളിന്റെ പ്രതിഫലം കിട്ടും. മയ്യിത്ത് നിസ്കാരത്തിന്റെ പ്രതിഫലം പോലെ.

  (ഫത്ഹുൽ മുഈൻ) 


11) സംഘത്തിൽപ്പെട്ട കുട്ടി മാത്രം സലാം മടക്കിയാലോ..?


🅰️: കുട്ടി മാത്രം മടക്കിയാൽ ഫർളിന്റെ ബാധ്യത വീടില്ല. പ്രായം തികഞ്ഞ ഒരാളെങ്കിലും മടക്കൽ നിർബന്ധമാണ്.

  (ഇആനത്ത്: 4/283)


12) ഫർളു കിഫാ കുട്ടിയെക്കൊണ്ട് വീടില്ലേ..?


🅰️: സലാം മടക്കുന്ന  വിഷയത്തിൽ വീടില്ല. മയ്യിത്തു നിസ്കരിക്കുകയെന്ന ഫർളു കിഫാ കുട്ടി നിർവഹിച്ചാലും വീടും. മയ്യിത്തു നിസ്കാരത്തിന്റെ ഉദ്ദേശ്യം പ്രാർത്ഥനയാണ് കുട്ടിയുടെ പ്രാർത്ഥന ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതാണ്. സലാം മടക്കുന്നതിലെ ലക്ഷ്യം നിർഭയത്വം അറിയിക്കലാണ് അതിനു കുട്ടി അർഹനല്ല.

  (ഇആനത്ത്: 4/283) 


13) ഒരു കുട്ടി മാത്രമാകുമ്പോഴോ..?


🅰️: അവൻ സലാം മടക്കില്ലെന്ന ധാരണയുണ്ടെങ്കിൽ പോലും സലാം പറയൽ സുന്നത്തുണ്ട്. കുട്ടി സലാം മടക്കാതിരുന്നാൽ കുറ്റക്കാരനാവില്ല. കുട്ടിയോട് കീർത്തനയില്ലെന്നു പ്രസിദ്ധമാണല്ലോ 


14) സ്ത്രീകൾ പരസ്പരം കാണുമ്പോൾ സലാം പറയൽ സുന്നത്തുണ്ടോ..?


🅰️: അതെ, സുന്നത്തുണ്ട്.

  (ഫത്ഹുൽ മുഈൻ) 


15) സ്ത്രീ വിവാഹബന്ധം നിഷിദ്ധമായ പുരുഷനോട് സലാം പറയലോ..?


🅰️: സുന്നത്താണ്.

  (ഫത്ഹുൽ മുഈൻ) 


16) ഭാര്യഭർത്താക്കന്മാർ പരസ്പരം സലാം പറയലോ..?


🅰️: സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.

  (ഫത്ഹുൽ മുഈൻ) 


17) അന്യസ്ത്രീ പുരുഷന്മാർ പരസ്പരം സലാം പറയുന്നതിന്റെ വിധി..?


🅰️: സ്ത്രീ സലാം പറയലും മടക്കലും ഹറാമാണ്. പുരുഷനു അതും രണ്ടും കറാഹത്തുമാണ്.

  (ഫത്ഹുൽ മുഈൻ) 


18) സ്ത്രീക്കു നിഷിദ്ധവും പുരുഷനു കറാഹത്തുമായതു എന്തുകൊണ്ട്..?


🅰️: സലാം പറയലും മടക്കലും സ്ത്രീയുടെ ഭാഗത്തു നിന്നാകുമ്പോൾ അതവനിൽ കൂടുതൽ ആശയും ആഗ്രഹവും ജനിപ്പിക്കും അതാണു നിഷിദ്ധത്തിന്റെ കാരണം.

  (ഫത്ഹുൽ മുഈൻ) 


19) ഒരു സംഘം അന്യസ്ത്രീകൾക്ക് ഒരു പുരുഷൻ സലാം പറയലോ..?


🅰️: അതു സുന്നത്താണ്. അവരിൽ ഒരാൾ മടക്കൽ നിർബന്ധവുമാണ്. എല്ലാവരും മടക്കിയാൽ അവർക്കെല്ലാം ഫർളിന്റെ പ്രതിഫലം ലഭിക്കും.

  (ഇആനത്ത്: 4/284) 


20) ഒരുകൂട്ടം സ്ത്രീകളുണ്ടാവുമ്പോൾ അവർ അന്യപുരുഷനു സലാം പറയലോ..?


🅰️: സുന്നത്താണ്. അപ്പോൾ നാശം ഭയപ്പെടില്ലല്ലോ.

  (ഇആനത്ത്: 4/284) 


21) ഒരുകൂട്ടം പുരുഷന്മാരും ഒരു അന്യസ്ത്രീയുമാണെങ്കിലോ..?


🅰️: പ്രസ്തുത വേളയിൽ പരസ്പരം സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.

  (ഇആനത്ത്: 4/284)


22) ആശ തോന്നിക്കാത്ത വൃദ്ധ അന്യപുരുഷനു സലാം പറയലോ..?


🅰️: സുന്നത്തുണ്ട്. അന്യപുരുഷന്റെ സലാം അവൾ മടക്കലും നിർബന്ധമാണ്. പുരുഷൻ അവൾക്ക് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.

  (ഫത്ഹുൽ മുഈൻ) 


23) സലാം പറഞ്ഞവൻ കേൾക്കുന്ന നിലയിൽ മടക്കണോ..?


🅰️: അതേ, അവൻ കേൾക്കുന്ന നിലയിൽ ശബ്ദമുയർത്തി കേൾപ്പിക്കണം. അതു നിർബന്ധമാണ്.

  (ഫത്ഹുൽ മുഈൻ ) 


24) സലാം പറഞ്ഞത് കേട്ടില്ലെങ്കിലോ..?


🅰️: മടക്കേണ്ടതില്ല.


25) സലാം പറഞ്ഞവൻ പറഞ്ഞ ഉടനെ ഓടിയാലോ..?


🅰️: എങ്കിൽ സലാം മടക്കിയാൽ മതി. കേൾപ്പിക്കാൻ വേണ്ടി പിന്നാലെ ഓടേണ്ടതില്ല.

  (ഫത്ഹുൽ മുഈൻ) 


26) കേൾവിയില്ലാത്തവൻ സലാം പറഞ്ഞാൽ മടക്കണോ..? മടക്കിയാൽ അവൻ കേൾക്കില്ലല്ലോ..?


🅰️: മടക്കൽ നിർബന്ധമാണ്. അതോടൊപ്പം കൈ പോലെയുള്ളതുകൊണ്ട് ആംഗ്യം കാണിക്കലും നിർബന്ധമാണ്.

  (ഇആനത്ത്: 3/285) 


27) കേൾവി ഇല്ലാത്തവനോട് സലാം പറയുമ്പോൾ അതോടൊപ്പം ആംഗ്യം വേണോ..?


🅰️: അതേ, എങ്കിലേ മടക്കൽ നിർബന്ധമുള്ളൂ.

  (ഫത്ഹുൽ മുഈൻ) 

Comments